തിങ്കളാഴ്‌ച, ഏപ്രിൽ 12, 2010

പുതിയ ജീവിതം പഴയ ഓര്‍മകള്‍

കാതടപ്പിക്കുന്ന ഒരൊച്ച. പിന്നാലെ കണ്ണഞ്ചപ്പിക്കുന്ന വെളിച്ചം. മഴയിങ്ങെത്തിപ്പോയ്...അന്ന അമനെ മുറുക്കിപ്പിടിച്ചു. ഒന്നു ഞരങ്ങിയിട്ട് അമന്‍ അന്നയുടെ ചുമലില്‍ പതുക്കെ തട്ടിക്കൊടുത്തു. അതങ്ങനെയാണ്. എത്ര ഉറക്കത്തിലായാലും അന്ന ഒന്നനങ്ങിയാല്‍ മതി, അമന്‍ പോലുമറിയാതെ അവന്റെ കൈകള്‍ അവള്‍ക്കു താരാട്ടു പാടും. അതോര്‍ത്തു അവള്‍ പലപ്പോഴും അത്ഭുതപ്പെടും. അങ്ങനെ അമന്‍ ചെയ്യാന്‍ വേി മനപ്പൂര്‍വം ഉറക്കത്തില്‍ ഞരങ്ങുന്നതായി അവള്‍ അഭിനയിക്കും.

മരുഭൂമിയിലെ മഴ! ഇവിടെ വന്നിട്ട് ആദ്യമായാണ് മഴ കാണുന്നത്. അന്നയ്ക്കു പിന്നെ ഉറക്കം വന്നില്ല.. എങ്ങനെ ഉറക്കം വരും... മഴയേയും നിളയേയും സ്‌നേഹിച്ചവള്‍ക്കു വിധിച്ചതു മരുഭുമിയാണല്ലോ എന്നോര്‍ത്ത് ആദ്യമൊക്കെ നിരാശപ്പെട്ടു. പിന്നെ എല്ലാം യാന്ത്രികം...ഏതൊരു ഗള്‍ഫുകാരന്റെ ഭാര്യയേയും പോലെ നാലു ചുവരുകള്‍ക്കുള്ളില്‍ അവളും സ്വയം തളച്ചിട്ടു. അത്തരമൊരു ജീവിതത്തിലേയ്ക്കു മാറാന്‍ അന്ന തയ്യാറെടുത്തിരുന്നു എന്നു വേണം പറയാന്‍.. അവളെ സംബന്ധിച്ച് ഈ വിവാഹം തന്നെ സ്വയം ഒരു പണയം വെയ്ക്കലായിരുന്നു. വിവാഹം അവളെ കീഴ്‌മേല്‍ മറിച്ചു കളഞ്ഞു.. ദിവസങ്ങളും ആഴ്ചകളും അറിയാതെ... മറ്റേതോ ലോകത്തില്‍ എത്തിയ പോലെ... അന്നയുടെ ചിന്തകള്‍ക്കു എതിരായി മാത്രം ചിന്തിക്കുന്ന യാഥാസ്ഥിതിക ചിന്തകളുമായി ജീവിക്കുന്നവരുടെ ലോകം.. അത്തരമൊരു ലോകത്ത് എങ്ങനെ ജീവിക്കുമെന്നറിയാതെ അന്ന വിഷമിച്ചു. പിന്നെ പതുക്കെ പതുക്കെ എല്ലാം ഒരൊഴുക്കിലായി.... ആദ്യരാത്രിയില്‍ ഡയറിത്താളുകളില്‍ അന്ന ഇങ്ങനെ എഴുതി.
എന്റെ നിളേ,
ഇന്നത്തെ ദിവസം എന്തായിരുന്നെന്ന് നിനക്കറിയാമോ? ഓര്‍മയുണ്ടെങ്കിലും നീ മനപ്പൂര്‍വം മറന്നു കളഞ്ഞ-എന്റെ- ഈ അന്നയുടെ കല്യാണം- ഒരിക്കല്‍ നിന്റേതാകണമെന്നാഗ്രഹിച്ച, നിന്നെ ഭ്രാന്തമായി പ്രണയിച്ച അല്ല പ്രണയിക്കുന്ന അന്നയുടെ കല്യാണം. എന്നെ നീ ഉപേക്ഷിച്ചപ്പോള്‍ എനിക്ക്ു എന്നെ പണയം വെയ്ക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലായിരുന്നു. നിന്നേയും പട്ടാമ്പിപ്പുഴയേയും സ്‌നേഹിച്ച എന്റെ ലോകം തന്നെ മാറിപ്പോയി. ഇന്നു മുതല്‍ എനിക്ക് എല്ലാം അന്യമാണ്.
ചിലപ്പോഴൊക്കെ അന്നയ്ക്കു തോന്നാറു്ണ്ട്. എന്തിനാണ് അവളെ ദൈവം ഇത്തരത്തില്‍ ഒരു സ്വപ്‌നജീവിയായി പടച്ചതെന്ന്. പിന്നെ കരുതും.. ഓരോരുത്തര്‍ക്കും ഓരോ രീതി.. പച്ചപ്പിനോട് അന്നയ്‌ക്കെന്നും ഭ്രാന്താണ്. ഒരു പുഴയും മഴയുമുള്ള ഒരു ചിത്രം, ടിവി.യില്‍ വരുന്ന പാട്ടുസീനുകള്‍.. അന്ന പിന്നെ പറക്കുകയായി.. അവിടെയൊക്കെ ഓടി നടക്കാന്‍ അന്ന കൊതിക്കും. പിന്നെ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യത്തേയും അത്തരമൊരു നാടന്‍ജീവിതത്തേയും സ്വപ്‌നം കണ്ട് അങ്ങനെ..
ഓ! മണി അഞ്ചായി.......ഇനി ഉറങ്ങിയാല്‍ ശരിയാവില്ല..ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് അന്ന ദൂരേയ്ക്കു നോക്കി. പ്രത്യേകിച്ചൊന്നും കാണാനല്ല... കുറേ നരച്ച കെട്ടിടങ്ങളല്ലാതെ.....എങ്കിലും ദൂരേ ഇരു വശത്തുമായി ഉയര്‍ന്നു നില്‍ക്കുന്ന പള്ളിയുടെ മിനാരങ്ങള്‍, എന്താണെന്നറിയില്ല... അവയെ കാണാന്‍ ഇഷ്ടമാണ്... ഇരുട്ടില്‍ അവ മിന്നുന്നതു കാണാന്‍ പ്രത്യേകിച്ചും... അല്ലെങ്കിലും ഇവിടം കാണാന്‍ രാത്രിയാണു ഭംഗി... നരച്ച പകലിനെ അന്ന വെറുത്തു. മഴ തോര്‍ന്നു. വെറുതേ മനുഷ്യനെ കൊതിപ്പിക്കാന്‍. അന്ന പിറുപിറുത്തു. ചില രാത്രികളില്‍ മഴയോടുള്ള അന്നയുടെ ഭ്രാന്ത് അറിയാവുന്ന അമന്‍ അവളെ പറ്റിക്കും. ഉറങ്ങിക്കിടക്കുന്ന അന്നയെ വിളിച്ചുണര്‍ത്തി പറയും.. അന്ന.. നോക്കൂ.. മഴ പെയ്യുന്നു... ചാടിയെണീക്കുന്ന അവളോടു പറയും.. സോറി ഇടി കുടുങ്ങിയതു കേട്ട് മഴയാണെന്നു കരുതി.. എന്നിട്ട് പറ്റിച്ചേ എന്നൊച്ചയെടുത്ത് അവളെ വീണ്ടും കിടക്കയിലേക്കു തന്നെ തള്ളിയിടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ